Total Pageviews

Thursday, December 23, 2010

അവള്‍



                വികാരങ്ങള്‍ക്കും ഉണ്ടാകും  ആപേക്ഷിക ഭാരവ്യത്യാസ്സം  ? എന്‍റെ ഹൃദയത്തിനിത് താങ്ങാന്‍ കഴിയുന്നില്ല. ഈ ഹെവിനെസ്സ്... ഈറ്റിസ്‌ റിയലി അന്ബെയരബില്‍...
            അവള്‍...അവളെന്നെ അച്ഛനായിട്ടാണോ...
                പണ്ടവള്‍ അവളുടെ അമ്മയോട് തിരക്കിയിരുന്നു
                              "അമ്മേ അച്ഛന്‍ വരാത്തത് എന്തേ? "
പിന്നീട് സഹപാഠികളും അന്വേഷിച്ചു: "നിന്‍റെ അച്ഛന്‍ എവിടെ?" അന്ന് അവര്‍ക്ക് മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്ന കാലംതൊട്ടേ എനിക്കവളെ അറിയാം.
                      അന്നൊക്കെ  നിറഞ്ഞ മിഴിയുമായി അവളിരിക്കുന്ന  മേശയ്കരികിലെ ചില്ലുജാലകത്തിലേക്ക്  ഈ  പഴയ വീടിന്‍റെ ജനാലയ്ക്കലൂടെ അവളെ ഉറ്റുനോക്കിയ  എന്‍റെ കണ്ണുകളും  അവള്‍ പതുക്കെ  അറിഞ്ഞു തുടങ്ങി.
          പിന്നീടെപ്പോഴോ   അവളെന്‍റെ അരികില്‍ വന്നു.
              അവളുടെ കണ്ണുകള്‍ എപ്പോഴും എന്തോ തേടികൊണ്ടിരുന്നു. അപരിച്ചത്വത്തിന്റെ ഭയമോ ഭീതിയോ ആ കുഞ്ഞു  കണ്ണുകളില്‍ തുളുബിയതെയില്ല .എന്‍റെ ഗാലറിയിലെ എല്ലാ ചിത്രങ്ങളും അടക്കിവെച്ച ആകാംക്ഷയോടെ അവള്‍ വീക്ഷിച്ചിരുന്നു.
             അവള്‍ അധികമൊന്നും  സുംസാരിച്ചില്ല,ഞാനും; എന്നാല്‍  അവളുടെ കണ്ണുകള്‍ എന്നോട്  ഏറെയേറെ വര്‍ത്തമാനം പറഞ്ഞു.  വാചാലമായിതീര്‍ന്ന ആ  നിശബ്ദതയില്‍ അവളുടെ കുഞ്ഞു മനസ്സ് ഞാന്‍ വായിച്ചു കൊണ്ടിരുന്നു.
             അവളുടെ സാന്നിധ്യം എനിക്കെന്തോ കരുത്തു പകര്‍ന്നിരുന്നു. സംതിംഗ് മാജിക്കല്‍. എന്‍റെ ഏറ്റവും നല്ല പെയ്ന്ട്ടിംഗ്സു  പിറന്നത്‌ അവളുടെ സാന്നിധ്യത്തിലായിരുന്നു. അവളുമായുള്ള ഓരോ കൂടികാഴ്ചയ്യും എനിക്ക് വിലകൂടിയ ചിത്രങ്ങള്‍ സമ്മാനിച്ചു.
               പതിയെ അവളുടെ ചിത്രവും എന്‍റെ കാന്‍വാസില്‍ നിറഞ്ഞു
നിര്‍ഭയത്വം തുളുബുന്നതും  എന്തോ പരതുന്നതും പോലുള്ള കണ്ണുകള്‍,    ചുണ്ടിനിടയില്‍ എങ്ങോ മറഞ്ഞുപോയ പുഞ്ചിരി. 
                വാത്സല്യത്തോടെയുള്ള ഒരു നോട്ടമോ തലോടെലോ എന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.ഒരുപക്ഷേ അന്ന് ഞാന്‍ അവളെ മനസ്സിലാക്കിയിരുന്നെങ്കില്‍ ,ഇന്നലെ കരഞ്ഞതുപോലെ അവളുടെ അമ്മയ്ക്ക് ഒരിക്കലും കരയേണ്ടി വരില്ലായിരുന്നു. അവളുടെ സുഹൃത്തുക്കള്‍ അവളെ വെറുക്കില്ലായിരുന്നു. അവള്‍ സ്ഥിരം  വര്‍ത്തമാനം പറഞ്ഞിരുന്ന ചെറുപ്പക്കാര്‍ അവളെ ഒരിക്കലും ശപിക്കില്ലായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ അവള്‍ക്കു ഒരിക്കല്‍  കൂടി  തലകുനിക്കേണ്ടി വരില്ലായിരുന്നു...
               ഇന്നതോര്‍ക്കുമ്പോള്‍....അവള്‍ക്കു മുമ്പില്‍ ഞാന്‍ എത്രയോ  അക്ഷന്തവ്യമായ തെറ്റാണ്‌......
       
               പിന്നീടവളുടെ വരവ് നിലച്ചു.ശേഷം സംതൃപ്തിയോടെ ഒരു ചിത്രവും വരയ്ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ബാല്യത്തിന്റ്റെ നിഷ്കളങ്കതയില്‍ നിന്ന് കൌമാരത്തിന്റ്റെ തിരിച്ചറിവിലേക്ക്  സുന്ദരിയായ പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നു.ഒപ്പം അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു,  ചുണ്ടുകളിലെ  മൗനം വാചാലതയുടെ കൊടുമുടിയേറി.
               അപ്പോഴും എന്‍റെ മുറിയിലെ ജനാലയും അതിനപ്പുറം രണ്ടു  കണ്ണുകളും തുറന്നിരുന്നു. അവളെ കാണുക എന്‍റെ മാത്രം  അനിവാര്യതയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
               അവളുടെ ഒരു ചിത്രവും പിന്നീട്   ഞാന്‍ വരച്ചിട്ടില്ല, അല്ല ആഴ്ചകള്‍ക്ക് മുമ്പ് പഠനമുറിയിലെ  മേശയില്‍  പുതിയ ഹാന്‍ഡ് സെറ്റ് ചെവിയിലമര്‍ത്തി, അതിനോട്  കളികള്‍ പറഞ്ഞു പുഞ്ചിരിക്കയും  ആശ്ചര്യപെടുകയും അത്ഭുതപെടുകയും ആഹ്ലാദിക്കയും നീരസപെടുകയും ചെയ്യുന്ന അവളുടെ സന്തോഷം  പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്;പക്ഷെ അതിനു പറ്റിയ നിറകൂട്ട്‌ നിര്‍മ്മിക്കുക  അസാധ്യമായിരുന്നു.  എന്നാല്‍ അവളുടെ ആ പുതിയ ഉണര്‍വ് ഒരു ചെറു പുഞ്ചിരി എന്‍റെ ചുണ്ടില്ലും പടര്‍ത്തി. സെല്‍ ഫോണിലൂടെ അവളെ സന്തോഷിപ്പിച്ച ആ കൂട്ടുകാരനെ ഞാനും അറിയാതെ ഏറെ സ്നേഹിച്ചുപോയി. 
               വര്‍ഷങ്ങളോളം ,മൗനം ഒഴുകി നടന്ന ഞങ്ങളുടെ  കൂടികാഴ്ചകളില്‍ ഒരിക്കല്‍ പോലും അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ എനിക്ക് കഴിയാതെ പോയി,മറിച്ചു ഞാന്‍ വരച്ച  അവളുടെ ചിത്രം നോക്കിനില്‍ക്കെ  അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.  


               ഇന്നലെ,ഒരുപാട് ചെറുപ്പക്കാരുമായി ദിവസവും അവള്‍ തന്‍റെ പ്രണയം പങ്കുവെക്കുകയായിരുന്നു എന്നറിഞ്ഞപ്പോഴും എനിക്കവളോട് പുച്ഛം തോന്നിയില്ല.
               ജനാലയ്ക്കലൂടെ അവളുടെ വീടിനു മുമ്പിലെ ആള്‍ക്കൂട്ടം അവള്‍ക്കും അമ്മയ്ക്കും നേരെ  ശാപവാക്കുകള്‍ ചൊരിയുന്നത് കേട്ടുനിന്നപ്പോഴും അവളെ വെറുക്കുന്നത് എനിക്ക് ചിന്തിക്കാന്‍  കഴിയില്ലായിരുന്നു.
               പക്ഷെ അല്‍പ്പം മുമ്പ് പുഞ്ചിരി തൂകുന്ന മുഖവുമായി  അവള്‍ കടന്നുവന്നപ്പോള്‍ എനിക്കത്ഭുതവും ആദ്യമായി അവളോട്‌  വെറുപ്പും  തോന്നി. അവളുടെ മുഖത്തേക്ക് നോക്കാന്‍ പോലും  എനിക്ക്  സാധിച്ചില്ല. ഇന്നലെ വീടിന്‍റെ ഉമ്മറത്ത് തലകുനിച്ചു നിന്ന  പെണ്‍കുട്ടിയുടെ ദ്രുതഗതിയിലെ മാറ്റം.., അതെനിക്ക്  നിര്‍വചികാവുന്നതിലും അപ്പുറമായിരുന്നു.
               
                 അവളുടെ അസാന്നിധ്യത്തില്‍ ഞാന്‍ വരച്ച ചിത്രങ്ങള്‍  മുറിയുടെ ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. അവളതെല്ലാം പരിശോധിച്ചു.  
               "പിന്നീടെന്‍റെ ഒരു ചിത്രവും വരച്ചില്ലേ?  "     
ഒരു പരാധിയുടെ സ്വരത്തില്‍ അവള്‍ ചോദിച്ചു.
               അവളില്‍ നിന്നത്തരമൊരു ചോദ്യം അപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
      ഇല്ലയെന്നഭാവത്തില്‍ ഞാന്‍ തലയാട്ടി.
               പിന്നീടവള്‍ ഒന്നും മിണ്ടിയില്ല.
               കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അവളെന്‍റെ അടുത്ത് വന്നു, എന്‍റെ കണ്ണിലേക്കു  നോക്കി.ആ തീവ്രതയില്‍  ഞാനില്ലാതാകുന്നത്  പോലെ എനിക്ക് തോന്നി.
  അവളുടെ ചുണ്ടുകള്‍ മെല്ലെ ചലിച്ചു .     
                 "നിങ്ങള്‍ക്കെന്റ്റെ  അച്ഛനാകാമോ?"
      ഞാന്‍ സ്തബ്ധനായി. പതിനാറു വയസ്സുകാരിയുടെ  ചോദ്യത്തിനു  മുന്നില്‍ ഞാന്‍ ഒന്നുമല്ലാതായി. ഞാനിത്രനാളും  അഹങ്കരിച്ച എന്‍റെ വ്യക്തിത്വവും കാഴ്ചപാടുകളും എല്ലാം ആ ചോദ്യത്തിനു മുന്‍പില്‍ നിഷ്ഭ്രമമായി.
                       ഒരുത്തരത്തിനു കാത്തുനില്‍ക്കാതെ ചിരിച്ചുകൊണ്ടവള്‍  കടന്നു പോയി.
അപ്പോള്‍ മുതല്‍ എന്‍റെ മുറിയില്‍ ചിതറികിടക്കുന്ന അവളുടെ ചിത്രങ്ങള്‍ എന്നോട് നിര്‍ത്താതെ പരിഭവം പറയുന്നു.
                 
                അവള്‍ ദിവസവും വര്‍ത്തമാനം പറഞ്ഞിരുന്ന ചെറുപ്പകാര്‍ക്ക് അവള്‍ കേവലം  സുഹ്രിത്തുമാത്രമായിരുന്നില്ല, എന്നാല്‍ അവള്‍ അവരില്‍ ഒരച്ഛന്‍റെ സ്നേഹവും വാത്സല്യവും അടുപ്പവും  മാത്രമായിരുന്നു അന്വേഷിച്ചതെന്നറിയുമ്പോള്‍.....
            അച്ഛന്‍റെ  സാമീപ്യം തന്നെയായിരുന്നില്ലേ ചെറുപ്പം മുതല്‍ അവളുടെ കണ്ണുകള്‍ നിത്യവും  തേടികൊണ്ടിരുന്നത്‌? കൗമാരത്തില്‍ അവളുടെ ആഗ്രഹങ്ങള്‍ വേരുന്നിവന്നപ്പോള്‍ അവള്‍ ചില  താത്ക്കാലിക ആശ്വാസങ്ങള്‍ തേടുകയായിരുന്നോ? അവള്‍ക്കുമത് ഇന്ന് വരെ  അജ്ഞാതമായിരുന്നിരിക്കണം.
                           വയ്യ,എനിക്കിനി വയ്യ...ഈ ഭാരം... 
                                                            
                                                ***   ***   ***
   ആദ്യമായി ഏകാന്തത അയാള്‍ക്ക്‌ സഹിക്കാന്‍ കഴിയാത്തവണ്ണം   മടുപ്പുളവാക്കി.അവളുടെ പഴയ ചിത്രങ്ങളെല്ലാം അയാള്‍ നശിപ്പിച്ചു.
                 ഒരിക്കല്‍ കൂടി അയാളുടെ കാന്‍വാസില്‍ അവള്‍ നിറഞ്ഞു.
  ആ ചിത്രത്തിലെ പെണ്‍കുട്ടിയുടെ കണ്ണുകള്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു,അവളുടെ ചുണ്ടുകളില്‍ സുന്ദരമായ  മന്ദഹാസവും വിരിഞ്ഞിരുന്നു.